സിനഡിന്റെ പാതയിൽ നെയ്യാറ്റിൻകര രൂപത
2021 ഒക്ടോബർ 9, 10 തീയതികളിലായി “ഒരു സിനിഡാത്മക സഭയ്ക്ക് വേണ്ടി: കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതത്വം” എന്ന തലക്കെട്ടോടെ ‘സിനഡിന്റെ പാത’ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ ഉദ്ഘാടനം ചെയ്തു. തുടർന്ന്, ഒക്ടോബർ 17-ന് ആഗോള കത്തോലിക്കാ സഭയോടൊപ്പം രൂപതകളിലെ സിനഡിന് നെയ്യാറ്റിൻകര രൂപതയിലും തുടക്കമായി. രൂപതാതല സിനഡ് 2021-2023 ഉദ്ഘാടനം ചെയ്യപ്പെട്ടശേഷം സിനഡിന്റെ പാതയിൽ വ്യക്തതയോടെ മുന്നേറുവാനുള്ള പ്രയത്നത്തിലാണ് നെയ്യാറ്റിൻകര രൂപതാ നേതൃത്വവും സിനഡിന്റെ പാതയുടെ ഒരുക്കത്തിനായി രൂപീകരിച്ചിട്ടുള്ള രൂപതാ സെൻട്രൽ ടീമും.
ഒക്ടോബർ 17-ന് തുടങ്ങിയ നിരന്തരമായ ചർച്ചകൾക്കും പഠനങ്ങൾക്കും ശേഷം സമൂലവും സുവ്യക്തവുമായ സിൻഡൽ പാതയിലേക്ക് പ്രവേശിക്കുവാൻ ഒരുങ്ങിയിരിക്കുകയാണ് നെയ്യാറ്റിൻകര രൂപത. സിനഡ് 2021-2023 രൂപതാ ക്രമീകരണങ്ങൾക്ക് വേണ്ടിയുള്ള “സഹായകരെ” (fecilitators) പരിശീലിപ്പിക്കുന്നതിനാവശ്യമായ ബോധന-പഠന രീതികൾ ഔദ്യോഗികമായി പൂർത്തിയാക്കി വ്യക്തതയോടെ സിൻഡൽ പാതയിൽ പ്രവേശിച്ചിരിക്കുകയാണ് നെയ്യാറ്റിൻകര രൂപത.
രൂപതയിൽ പ്രധാനമായും ബോധന-പഠന പരിശീലന പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത് നാല് ഘട്ടങ്ങളായാണ് 1) രൂപതാ സെൻട്രൽ ടീമിനുള്ള പരിശീലനവും ഒരുക്കവും, 2) വൈദീകർക്ക്, 3) ഫെറോനാ സിൻഡൽ (FST) ടീമിന്, 4) ഇടവക സിൻഡൽ (PST) ടീമിനായുള്ള പരിശീലനവും ഒരുക്കവും. ഈ നാലുഘട്ട ഒരുക്കങ്ങളും പൂർത്തിക്കിയാണ് നെയ്യാറ്റിൻകര രൂപത “കുടുംബ സിനഡ്, ബിസിസി സിനഡ്, ഇടവക സിനഡ്, ഫെറോനാ സിനഡ്, രൂപതാ സിനഡ്” ക്രമീകരണങ്ങളിലൂടെ കടന്നുപോവുക.
ബോധന-പഠന രീതികളുടെ ഒന്നാംഘട്ടം റവ.ഡോ.ഗ്രിഗറി ആർ.ബി. രൂപതയിൽ സേവനം ചെയ്യുന്ന എല്ലാ വൈദികർക്കും പൊതുവായി നൽകിയിരുന്നു. തുടർന്ന്, “സിനഡാത്മകത: കൂട്ടായ്മയുടെയും പങ്കാളിത്തത്തിന്റെയും പ്രേക്ഷിതത്വത്തിന്റെയും ആഘോഷം” എന്ന തലക്കെട്ട് നൽകിയാണ് രണ്ടാംഘട്ട വൈദീക പരിശീനപരിപാടി രൂപതാ സെൻട്രൽ ടീം ക്രമീകരിച്ചിരിക്കുന്നത്. ഡിസംബർ 28, 29, 30 തീയതികളിലായി മൂന്ന് റീജിയനുകളിലെയും വൈദികരെയും പ്രത്യേകം വിളിച്ച് “participatory method”-ലാണ് പരിശീലന പരിപാടി ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന്, 2022 ജനുവരി 02 ഞായറാഴ്ച മുതൽ ഫെബ്രുവരി 27 ഞായറാഴ്ച വരെ ദിവ്യബലിമധ്യേയുള്ള പ്രസംഗങ്ങളിലൂടെയും വൈദീകർ ഇടയലേഖനങ്ങളിലൂടെയും, രൂപതാ സിൻഡൽ ടീം ക്രമീകരിച്ച് നൽകുന്ന സിൻഡൽ വിഷയങ്ങളെയും ആസ്പദമാക്കി ദൈവജനത്തെ ഉദ്ബോധിപ്പിക്കും.
തുടർന്നാണ് വ്യത്യസ്ത സിൻഡൽ സമ്മേളനങ്ങളിലേയ്ക്ക് രൂപത പ്രവേശിക്കുക. 2022 ഫെബ്രുവരി 20 മുതൽ 27 വരെയുള്ള ദിനങ്ങളിൽ “കുടുംബ സിനഡ്” നടക്കും. 2022 ഏപ്രിൽ 03 മുതൽ 10 വരെ രൂപതയിൽ “ബിസിസി സിനഡ്” സമ്മേളനങ്ങൾ നടക്കും. 2022 ഏപ്രിൽ 24 മുതൽ മെയ് 01 വരെയുള്ള കാലഘട്ടത്തിലാണ് “ഇടവക സിനഡ്” സമ്മേളനങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. തുടർന്ന്, 2022 മെയ് 14-ന് ഫെറോനാ സിനഡ് സമ്മേളനങ്ങളും 2022 മെയ് 14-ന് അല്ലെങ്കിൽ ജൂൺ 11-ന് രൂപതാ സിനഡ് സമ്മേളനവും നടക്കും.