സിനഡാത്മകസഭ – ആശയവും, അര്‍ത്ഥവും, മൂന്ന് പ്രധാനതലങ്ങളും
ബാബുദാസ് എം.
ഗ്രൂപ്പ് ചര്‍ച്ച
വി. ലൂക്ക. 24:13-25 (എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാര്‍)
ആറോ ഏഴോ പേരടങ്ങുന്ന ഗ്രൂപ്പില്‍ ഈ വചനഭാഗം ചര്‍ച്ച
ചെയ്യുന്നു.
- എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരുടെ മനോഭാവം എന്തായിരുന്നു?
ഗുരുവിനുണ്ടായ അനുഭവങ്ങളോര്‍ത്ത്, ജറുസലേമില്‍ നില്‍ക്കുന്നത് അപകടമാണെന്ന് ചിന്തിച്ച് സുരക്ഷിത മേഖലതേടിയുള്ള യാത്രയായിരുന്നു അവരുടേത്. എന്നാല്‍ അവര്‍ ഗുരുവിനെ തള്ളിപ്പറയുന്നില്ല. - അവരോടൊപ്പം സഞ്ചരിച്ച യേശുവിന്‍റെ മനോഭാവം എന്തായിരുന്നു?
ശിഷ്യന്മാര്‍ക്ക് പറയുവാനുള്ളത് മുഴുവന്‍ കേള്‍ക്കുവാനുള്ള സന്മനസ്സാണ് യേശുവിലുണ്ടാകുന്നത്. സ്വതസിദ്ധമായ ശൈലിയിലുള്ള വ്യാഖ്യാനങ്ങളും നടത്തുന്നു. ഒരാള്‍ പോലും നഷ്ടമാകാതിരിക്കുക എന്ന മനോഭാവമാണ് യേശുവിലുണ്ടാകുന്നത്. - ശിഷ്യന്മാരുടെ പ്രഘോഷണത്തിലെ അപാകതകള്‍ എന്തെല്ലാമായിരുന്നു?
ഇസ്രായേലിന്‍റെ പുരോഹിതപ്രമുഖന്മാരും, നേതാക്കളും ചേര്‍ന്ന് വധിച്ച ശക്തനായ പ്രവാചകന്‍ ആയി മാത്രമാണ് അവര്‍ ക്രിസ്തുവിനെ പ്രഘോഷിച്ചത്. യേശുവിന്‍റെ ഉയിര്‍പ്പ് വിശ്വസിക്കുവാനോ അത് പ്രഘോഷിക്കുവാനോ അവര്‍ക്ക് സാധിക്കുന്നില്ല. - എങ്ങനെ ആയിരിക്കണം പ്രഘോഷണം എന്നാണ് യേശു ശിഷ്യന്മാരെ ബോധ്യപ്പെടുത്തുന്നത്?
വചനങ്ങളുടെ അടിസ്ഥാനത്തില്‍, ഉയിര്‍പ്പിക്കപ്പെട്ട് ഇന്നും ജീവിക്കുന്നവനായ ക്രിസ്തുവിനെ പ്രഘോഷിക്കണം എന്നതാണ് യേശുവിന്‍റെ ഇംഗിതം. - യേശുവിന്‍റെയും ശിഷ്യന്മാരുടെയും ഒരുമിച്ചുള്ള ഈ യാത്രയില്‍ ഒരു കൂട്ടായ്മ രൂപപ്പെടുന്നതെങ്ങനെ?
ഒരു ബലിയര്‍പ്പണം എല്ലാം മാറ്റി മറിക്കുന്നു. അവര്‍ യേശുവിനെ തിരിച്ചറിയുകയും യേശുവുമായുള്ള കൂട്ടായ്മയിലും തുടര്‍ന്ന് സഹോദരങ്ങളുമായുള്ള കൂട്ടായ്മയിലും പ്രവേശിക്കുന്നു. പിന്നെ അതില്‍ നിന്നും പിരിഞ്ഞ് മാറാന്‍ അവര്‍ക്ക് കഴിയുന്നില്ല.
ഇത് ഒരുമിച്ചുള്ള യാത്രയാണ്, ജറുസലേമില്‍ നിന്ന് എമ്മാവൂസിലേക്ക്. യാത്രകള്‍ പൊതുവെ അറിവുകളും തിരിച്ചറിവുകളും നല്കുന്നവയാണ്. ബന്ധങ്ങള്‍ മെച്ചപ്പെടാന്‍ ഒരുമിച്ചുള്ള യാത്രകള്‍ ഔഷധമായി ചില കൗണ്‍സിലര്‍മാരും, ഡോക്ടര്‍മാരും ഉപയോഗിക്കുന്നത് നമുക്ക് അറിവുള്ളതാണ്. പരസ്പര വിശ്വാസവും കൂട്ടായ്മയും വളര്‍ത്തിയെടുക്കാന്‍ ഇത് ഏറെ സഹായകമാണ്. സഭയുടെ ഒരുമിച്ചുള്ള യാത്രയും കൂട്ടായ്മകള്‍ വളര്‍ത്തിയെടുക്കാന്‍ പര്യാപ്തങ്ങളാണ്, അല്ലെങ്കില്‍ പര്യാപ്തമാകണം.
സിനഡാത്മകസഭ – അര്‍ത്ഥം
ഒരു ആശയമെന്ന നിലയില്‍ സിനഡാത്മകത അര്‍ത്ഥമാക്കുന്നത് കൂട്ടായ്മയെയാണ്. സഭയിലെ എല്ലാ അംഗങ്ങളും ക്രിസ്തുവിന്‍റെ മൗതീകശരീരമായി ഒത്തുചേരുന്ന രീതിയാണിത്. ഈ കാഴ്ചപ്പാടില്‍ സിനഡാത്മകതയുടെ അര്‍ത്ഥം വിശകലനം ചെയ്യാം.
- ഇത് സഭാപരമായ യോഗങ്ങളുടെ ആചരണം മാത്രമല്ല.
- സഭയുടെ ഉള്ളിലെ ഭരണ നടത്തിപ്പിന്‍റെ ഒരു കേവല രൂപമല്ല.
- ദൈവജനമായ സഭയുടെ പ്രത്യേക ജീവിതരീതിയും പ്രവര്‍ത്തനശൈലിയുമാണ്.
- ഒരു കൂട്ടായ്മ എന്ന നിലയില്‍ സഭാംഗങ്ങളുടെ ഒരുമിച്ചുള്ള യാത്രയാണ്.
- ഒരു കൂട്ടായ്മ എന്ന നിലയില്‍ സഭാംഗങ്ങള്‍ ഒരുമിച്ച് കൂടുന്നതാണ്.
- ഒരു കൂട്ടായ്മ എന്ന നിലയില്‍ സഭാംഗങ്ങള്‍ സുവിശേഷവത്കരണ ദൗത്യത്തില്‍ പങ്കുകാരാവുന്നതാണ്.
- പിതാവിന്‍റെയും, പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും ഐക്യത്തില്‍ ഒന്നായിരിക്കുക (അപ്പ. 2:37-47, 4:32-37)
- ആദിമക്രൈസ്തവ സമൂഹത്തിന്‍റെ മാതൃക.
- വിശ്വാസത്തിന്‍റെ എത്രയും ആഴമുള്ള ഐക്യം – വി. അഗസ്റ്റിന്‍
- സഭ എന്നതും സിനഡെന്നതും പര്യായങ്ങളാണ് – വി. ജോണ്‍ ക്രിസോസ്റ്റം
ഏറ്റവും ചുരുക്കത്തില്‍ സഭയുടെ കൂട്ടായ്മയുടെയും, ഐക്യത്തിന്‍റെയും പ്രതിഫലനമാണ്. സഭ ഒന്നാകെ നിലനില്‍ക്കുന്ന ക്രിസ്തുവിന്‍റെ ശരീരത്തെ കരുപ്പിടിപ്പിക്കുക എന്ന ചുമതലയാണത്. ഒരു തോണിയില്‍ ഒരുമിച്ച് യാത്രചെയ്യുന്ന യാത്രക്കാരാണ്. ഒരുഹൃദയവും ഒരാത്മാവും മാത്രമായി നിലനില്‍ക്കുന്നതാണ്.
സിനഡാത്മകത എന്ന ആശയം
സിനഡാത്മകത എന്ന ആശയം ഫ്രാന്‍സിസ് പാപ്പ മുന്നോട്ട് വയ്ക്കുന്നത് അത് ഒരുമിച്ചുള്ള യാത്ര എന്ന നിലയിലാണ്. പരസ്പരം കണ്ടുമുട്ടാനും ശ്രവിക്കാനും, തിരിച്ചറിയാനും, ആരുടേയും സ്വരത്തെ അവഗണിക്കാതെ എല്ലാ സ്വരങ്ങളും ചേര്‍ത്തുനിര്‍ത്തി അതില്‍ നിന്നും നല്ല സ്വരങ്ങളെ തിരിച്ചറിഞ്ഞ് സഭയാകുന്ന ദൈവജനത്തെ മനോഹരസാക്ഷ്യങ്ങളുടെ കൂടാരമാക്കുക എന്ന ആശയം കൂടെയാണ് പാപ്പ മുന്നോട്ട് വയ്ക്കുന്നത്. ഈ പശ്ചാത്തലത്തില്‍ താഴെ കാണുന്ന ആശയങ്ങളിലൂടെ കടന്നുപോകാം.
- ഒരുമിച്ച് സഞ്ചരിക്കുന്ന സഭ
# ദരിദ്രര്‍ക്കും എളിയവര്‍ക്കും സഭയുടെ സ്വരം നനല്‍കാന്‍ സാധിക്കുന്ന അവസ്ഥയിലേക്കുള്ള പ്രയാണം.
# ആദിമ ക്രൈസ്തവ സമൂഹ ചൈതന്യത്തിലേക്കുള്ള പ്രയാണം
# വഴിയും സത്യവും ജീവനുമായ യേശുവിന്‍റെ മാര്‍ഗ്ഗം സ്വീകരിക്കുക.
# മാര്‍ഗ്ഗത്തിന്‍റെ അനുയായികള്‍ (അപ്പ. 9:12, 19:9-23, 22:4, 24:14-22) - ശ്രവിക്കുന്ന സഭ
# എല്ലാവരും പരസ്പരമുള്ള ശ്രവണം, വിശ്വാസികളായ ജനത, മെത്രാന്‍ സംഘവും, റോമിലെ മെത്രാനും (പാപ്പ) വൈദീകരും സന്യസ്തരും, നേതാക്കളും അനുയായികളും ഒക്കെയും പരസ്പരം ശ്രവിക്കേണ്ടിയിരിക്കുന്നു.
# എല്ലാറ്റിനുമുപരി സഭയോട് എന്താണ് പറയാനുള്ളത് എന്ന് തിരിച്ചറിയാനായി പരിശുദ്ധാത്മാവിനെയും നാം ശ്രവിക്കേണ്ടിയിരിക്കുന്നു. - മുന്നോട്ട് ഗമിക്കുന്ന സഭയാണ്
# മുന്നോട്ടുള്ള ഗമനത്തിനായി വിവിധങ്ങളായ ദാനങ്ങളും, കൃപകളും, ശുശ്രൂഷകളും പ്രേഷിത ദൗത്യത്തിനായി ഐക്യപ്പെടണം.
# ഇതിനായുള്ള കൂട്ടായ്മ കണ്ടെത്തുന്നതിനായി പരിശുദ്ധാത്മാവിന്‍റെ സഹായം നാം അഭ്യര്‍ത്ഥിക്കണം.
# പുതിയ കാലഘട്ടത്തിന്‍റെ പുത്തന്‍ പ്രതിസന്ധികളെ തരണം ചെയ്തും സാധ്യതകളെ ഉപയോഗപ്പെടുത്തിയുമാകണം.
# വിവരസാങ്കേതിക വിദ്യയിലൂടെ ആഗോളഗ്രാമമായി മാറുമ്പോഴും സാമൂഹ്യ മാധ്യമങ്ങള്‍ വ്യക്തികളെ ഒറ്റപ്പെട്ട തുരുത്തുകളാക്കി മാറ്റിക്കൊണ്ടിരിക്കുന്ന പുതിയ കാലഘട്ടത്തിന്‍റെ പ്രതിഭാസത്തെ അറിഞ്ഞുള്ളതാകണം. - മിഷണറിസഭ/വാതിലുകള്‍ തുറന്ന സഭ
# അത് സ്വയം നവീകൃതമാകുന്നതിന്‍റെ മിഷന്‍ ആണ്.
# ദൈവജനമൊന്നാകെ ഒരുമിച്ചുള്ള യാത്രയ്ക്ക് വേണ്ടി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. - ഏക ജ്ഞാനസ്നാനത്താല്‍ ഒന്നാക്കപ്പെട്ടിരിക്കുന്ന സഭ
# സാഹോദര്യത്തിന്‍റേയും, സാമൂഹ്യ സൗഹൃദത്തിന്‍റെയും പാതയില്‍ ദൈവജനത്തെ വിശ്വാസയോഗ്യവും വിശ്വസ്തതയുള്ളതുമായ പങ്കാളികളാക്കി മാറ്റി എടുക്കുക.
# എങ്ങനെയാണ് ഉത്തരവാദിത്തവും, അധികാരവും ജീവിക്കപ്പെടണമെന്ന് പരിശോധിക്കുക.
# സുവിശേഷാധിഷ്ഠിതമല്ലാത്ത പ്രവര്‍ത്തന ശൈലികളെ തിരിച്ചറിയുക വെളിച്ചത്തു കൊണ്ടുവന്ന് പരിവര്‍ത്തനപ്പെടുത്തുക. - ഇതരസഭകളോടുള്ള ബന്ധം ആഴപ്പെടുത്തുന്നതിനുള്ള ക്ഷണം
# ക്രൈസ്തവ സമൂഹങ്ങള്‍ക്കിടയിലെ ബന്ധം പുനസ്ഥാപിക്കുക
# അവര്‍ക്ക് പറയുവാനുള്ളതും കേള്‍ക്കുക - സാര്‍വത്രിക സഭ രക്ഷയുടെ കൂദാശ
# ആത്മാവ് സഭയെ ചരിത്രത്തിലൂടെ നയിച്ചത് എങ്ങനെ എന്ന് അനുസ്മരിച്ചുകൊണ്ട് ദൈവജനത്തെ മുഴുവന്‍ ദൈവസ്നേഹത്തിന്‍റെ സാക്ഷികളാക്കുക.
# ലോകത്തെ കൂടുതല്‍ സുന്ദരവും വാസയോഗ്യവും ആക്കുന്നതിനായി പങ്കാളിത്ത സ്വഭാവമുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക.
# ഒരു പ്രവാചകപരമായ അടയാളമായി മാറുക. - മനുഷ്യവര്‍ഗ്ഗം മുഴുവന്‍റേയും രക്ഷ
# മനുഷ്യരാശിയുടെ സന്തോഷങ്ങളിലും, പ്രതീക്ഷകളിലും, സങ്കടങ്ങളിലും ഉത്കണ്ഠകളിലും നാം പങ്കുകാരാകണം.
# ദൈവവുമായുള്ള ഉറ്റ ഐക്യത്തിന്‍റെയും മനുഷ്യവര്‍ഗ്ഗം മുഴുവന്‍റെയും യോജിപ്പിന്‍റേയും ഉപകരണങ്ങളായി മാറണം.
# സാമൂഹ്യ സംവാദത്തിന്‍റേയും, മുറിവുണക്കലിന്‍റെയും, അനുരജ്ഞനത്തിന്‍റെയും പാത വെട്ടിത്തെളിക്കുക.
ദൈവജനമാണ് സഭ. വെറും ഞായറാഴ്ച ക്രിസ്ത്യാനികളും, കാഴ്ചക്കാരായ ക്രിസ്ത്യാനികളും ആകുന്നതിനപ്പുറം സിനഡാത്മകതയില്‍ ഒരുമിച്ച് മുന്നേറുന്ന അവബോധമുള്ള യഥാര്‍ത്ഥ ദൈവജനമായി മാറണം. ഈ സഭ അവിടെ പരസ്പരം ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള പ്രതിബദ്ധത എല്ലാവര്‍ക്കുമുണ്ട്. സംസാരിക്കാനുള്ള അവകാശമെന്നതുപോലെ കേള്‍ക്കാനുള്ള കടമയുണ്ട്. അതായത് ഈ സിനഡ് പ്രക്രിയയിലൂടെ കടന്ന് പോയികഴിയുമ്പോള്‍ തികച്ചും നവീകൃതരായിരിക്കണം ഈ ദൈവജനം. അതിന് തുറന്ന മനസ്സോടെ അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞ് എല്ലാം ശ്രവിച്ച് ഒരു മിച്ച് യാത്ര ചെയ്യേണ്ടിയിരിക്കുന്നു.
സിനഡാത്മകത കണ്ടെത്താന്‍ കഴിയുന്ന മൂന്ന് പ്രധാന തലങ്ങള്‍
സിനഡാത്മകത ഇന്ന് നിലനില്‍ക്കുന്നുണ്ടോ? അവ എവിടെ ഒക്കെ ദര്‍ശിക്കാനാകും… പരിശോധിക്കാം.
- സഭ സാധാരണ ഗതിയില്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന തലം
വചനം ശ്രവിക്കുന്ന
@ ദിവ്യബലി അര്‍പ്പിക്കുന്ന
@ കൂട്ടായ്മയിലും സാഹോദര്യത്തിലും വര്‍ത്തിക്കുന്ന
@ കൂട്ടുത്തരവാദിത്തവും പങ്കാളിത്തവും കാത്തുസൂക്ഷിക്കുന്ന
@ വ്യത്യസ്ത ശുശ്രൂഷകളും കര്‍ത്തവ്യങ്ങളും വേര്‍തിരിച്ച് നടത്തുന്ന
ഒരു സമൂഹത്തില്‍ സിനഡാത്മകത നിലനില്‍ക്കുന്നു - സഭാത്മകചട്ടക്കൂടുകളുടേയും പ്രക്രിയകളുടേയും തലം
@ ദൈവശാസ്ത്രപരവും കാനോനികവുമായ കാഴ്ചപ്പാടില്‍ നിര്‍ണ്ണയിക്കപ്പെടുന്ന
@ സ്ഥാപന്ധരമായവിധം പ്രാദേശികമായതും മേഖലാപരമായതും സാര്‍വത്രികതലങ്ങളിലുള്ളതുമായ
സംവിധാനങ്ങളില്‍ നിലനില്‍ക്കുന്ന സിനഡാത്മകത - സിനഡാത്മക പ്രക്രിയകളുടെയും സംഭവങ്ങളുടെയും തലം
@ കാലാകാലങ്ങളില്‍ വിളിച്ചു ചേര്‍ക്കപ്പെടുന്ന സിനഡുകള്‍
സിനഡാത്മകസഭയ്ക്കുവേണ്ടി:
കൂട്ടായ്മയും, പങ്കാളിത്തവും, പ്രേഷിതദൗത്യവും എന്ന വിഷയത്തില്‍ ആരാധനയിലും, പ്രാര്‍ത്ഥനയിലും ദൈവജനവുമായുള്ള സംഭാഷണത്തിലും നടക്കുന്ന ആത്മീയ വിവേചനത്തിന്‍റെ ഒരു യാത്രയാണ് സിനഡ്. ഈ ദിനങ്ങളില്‍ നമുക്ക് ഒരുമിച്ച് ഒരു നല്ല യാത്ര നടത്താം. ആശയസംവാദവും പരസ്പര ശ്രവണവും അവസാനിപ്പിക്കുവാനുള്ളതല്ല. ദൈവം നമ്മോട് പറയാന്‍ ആഗ്രഹിക്കുന്നത് എന്താണെന്നറിയാന്‍ ശ്രമിക്കാം. നാം സുവിശേഷത്തിനെ സ്നേഹിക്കുന്നവരും ആത്മാവിന്‍റെ ആശ്ചര്യങ്ങളോട് തുറവിയുള്ള തീര്‍ത്ഥാടകരുമാകണമെന്നാണ് ഫ്രാന്‍സിസ് പാപ്പ ആഗ്രഹിക്കുന്നത്. അപരന്‍റെ ശബ്ദം കേള്‍ക്കാതിരിക്കാന്‍ ഹൃദയങ്ങള്‍ സൗണ്ട് പ്രൂഫ് ആക്കരുത്. നിങ്ങളുടെ നിശ്ചയങ്ങളുടെ പ്രതിരോധക്കോട്ട തീര്‍ത്ത് ഉള്‍വലിയരുത് – പാപ്പ ഓര്‍മ്മിപ്പിക്കുന്നു.