നെയ്യാറ്റിൻകര രൂപതയിൽ വൈദീകർക്ക് മേഖലാതല പരിശീലനം
സ്വന്തംലേഖകൻ
നെയ്യാറ്റിൻകര: സിനഡിന്റെ പാതയിൽ മുന്നേറുമ്പോൾ പരിശുദ്ധപിതാവ് കൈമാറുന്ന സിനഡിന്റെ ദർശനം വ്യക്തതയിലും ആഴത്തിലും ലഭ്യമാക്കുന്നതിന് വൈദീകർക്കായി മേഖലാതല പരിശീലനം നൽകുകയാണ് നെയ്യാറ്റിൻകര രൂപത. വത്തിക്കാൻ നൽകിയ കൈപുസ്തകമായ Vademecum ഒരുക്കരേഖയെ അധികരിച്ച് പി.ഓ.സി. പ്രസിദ്ധീകരിച്ച “സിനഡ് 2021-2023 ഒരു സിനഡാത്മക സഭയ്ക്ക് വേണ്ടി: കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതദൗത്യം” എന്ന തലക്കെട്ടോടുകൂടി പ്രസിദ്ധീകരിച്ച പുസ്തകത്തെ ആസ്പദമാക്കിയാണ് വൈദികർക്കും സന്യസ്തർക്കും വൈദീക വിദ്യാർത്ഥികൾക്കും ആൽമയാർക്കുമുള്ള പരീശീലനം ക്രമീകരിച്ചിരിക്കുന്നത്.
നെയ്യാറ്റിൻകര രൂപതയിൽ മൂന്ന് മേഖലകളിലായാണ് വൈദീകർക്കായുള്ള രണ്ടാംഘട്ട പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ഡിസംബർ 28-ന് നെടുമങ്ങാട് മേഖലാ വൈദീകർക്കായുള്ള പരിശീലനം നെയ്യാറ്റിൻകര സെൻട്രൽ ടീമിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് ദേവാലയത്തിൽ വച്ച് നടത്തപ്പെട്ടു. മോൺ.വി.പി.ജോസ്, മോൺ.റൂഫസ് പയസ് ലീൻ, മോൺ.വിൻസെന്റ് കെ.പീറ്റർ, ഫാ.ജോയി സാബു, ഫാ.ജിനു റോസ്, ഫാ.ജസ്റ്റിൻ എന്നിവർ കൈകാര്യം ചെയ്ത പരിശീലന പരിപാടിയിൽ നെടുമങ്ങാട് റീജിയണിലെ ഭൂരിഭാഗം വൈദീകരും പങ്കെടുത്തു.
ഡിസംബർ 29-ന് കാട്ടാക്കട മേഖലയിലേയും, ഡിസംബർ 30-ന് നെയ്യാറ്റിൻകര മേഖലയിലേയും വൈദീകർക്കായുള്ള പരിശീലനം നെയ്യാറ്റിൻകര മെത്രാസന മന്ദിരത്തിൽ വച്ച് നടക്കും. ഡിസംബർ 3-ന് റവ.ഡോ.ഗ്രിഗറി ആർബിയായിരുന്നു നെയ്യാറ്റിൻകര രൂപതയിൽ സേവനം ചെയ്യുന്ന എല്ലാ വൈദീകർക്കുമായി നടത്തിയ ഒന്നാംഘട്ട പരിശീലന പരിപാടിയിൽ ക്ളാസുകൾ കൈകാര്യം ചെയ്തിരുന്നത്.
വരുംദിനങ്ങളിൽ ഫെറോനാ സിൻഡൽ ടീം, ഇടവക സിനഡൽ ടീം, സന്യാസിനികൾ, വൈദീക വിദ്യാർഥികൾ തുടങ്ങിയവർക്കുള്ള പരിശീലന പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്.